Monday, 11 July 2011

വയ്യ, എനിക്ക് പേടിയാവുന്നു.

ഉച്ചയ്ക്ക് ഊണിനു മുന്നിലിരുന്നപ്പോള്‍ തന്നെ മനസ്സ് മടുത്തു. കണ്ടം തുണ്ടം പച്ചക്കറികള്‍ വെട്ടിമുറിചിട്ടിരിക്കുന്ന എന്തോ തട്ടികൂട്ടുകറികള്‍. ആരോടുള്ള വാശി തീര്‍ക്കുവാന്‍ വേണ്ടിയാണ് ഇയാള്‍ ഇങ്ങെനെ ഈ പച്ചകറികള്‍ വെട്ടി കീറി മുറിക്കുന്നത്.
മാര്‍ക്കറ്റിലെ ഓരോ ദിവസത്തെയും ഏറ്റവും വിലകുറഞ്ഞ പച്ചകറികള്‍ അറിയണമെങ്കില്‍ ഈ തടിയന്‍ ചേട്ടന്റെ ഹോട്ടല്‍ സ്ഥിരമായി സന്ദര്‍ശിച്ചാല്‍ മതിയെന്ന് ഇടക്കെല്ലാം എനിക്ക് തോന്നി പോകും. ആദ്യ പിടി ചോറ് വായില്‍ വച്ചപ്പോള്‍ തന്നെ ഉറപ്പിച്ചതാ ഈ ആഴ്ച ഒരു ഭവന സന്ദര്‍ശനം. ഈയിടെയായി നാവിന്റെ രുചി നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് വീടിലേക്കുള്ള ഈ യാത്ര.

ഓഫീസില്‍ നിന്നു മടങ്ങുമ്പോഴാണ് അനിയത്തി കുട്ടിക്ക് ഒന്നും വാങ്ങിയില്ലല്ലോ എന്നോര്‍ത്തത്. അനിയത്തികുട്ടിക്ക് എല്ലാ തവണയും ഉള്ളതാണീ സ്പെഷ്യല്‍. അനിയത്തികുട്ടി എന്നു പറഞ്ഞാല്‍ എന്റെ ചെറിയച്ചന്റെ മകള്‍.

കുട്ടികാലം മുതല്‍ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എല്ലാം ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും അനിയത്തികുട്ടിക്ക് കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന ഒരു ചേട്ടന്റെ ചിത്രമായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ തല്ലി കെടുത്തിയത് കൊണ്ടാവണം ഇതുവരെ എന്റെ അനിയന് ഒരു സമ്മാനവും ഞാന്‍ വാന്ങ്ങിയിട്ടുമില്ല.

അവന്റെ മുന്‍പില്‍ ഞാന്‍ ഒരു ഊതി വീര്‍പ്പിച്ച ബുദ്ധിജീവിയാണ്‌. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതിരാവിലെ തന്നെ മലയാള നാട്ടിലെ പത്രങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിക്കുകയും ബാക്കി സമയം വല്ല ന്യൂസ്‌ ചാനലിന്റെ മുന്നിലോ ബുക്കുകളുടെ മുന്‍പിലോ കണ്ണും മിഴിച്ചിരിക്കുന്ന , മണിക്കൂറില്‍ എണ്ണി തിട്ടപ്പെടുത്തിയത് പോലെ നാലോ അഞ്ചോ വാക്കുകള്‍ മാത്രം മിണ്ടുന്ന ഒരു അത്ഭുത പ്രതിഭാസം. ഒരു പക്ഷെ അവന്റെ മുന്‍പില്‍ നിന്നും ഒളിചോടുവാന്‍ ഞാന്‍ കണ്ടെത്തിയ ഒരു മുഖംമൂടി ആവണം ഈ ബുദ്ധിജീവി ലൈന്‍.

മാലയും വളയും എല്ലാം കുമിഞ്ഞു കൂടിയിരിക്കുന്നു. ഇനിയിപ്പോള്‍ അതുമായി എത്തിയാല്‍ എന്തായാലും ചെറിയമ്മയുടെ ചീത്ത ഉറപ്പാണ്. എന്തായാലും ഇത്തവണ ഒന്നു മാറ്റി പിടിച്ചു. ഡി. സി. ബുക്സില്‍ നിന്നും കുറച്ചു ബുക്കുകള്‍.

അനിയത്തികുട്ടിയെ കുറിച്ച് പറഞ്ഞില്ലല്ലോ. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇംഗ്ലീഷ് മാത്രം ചര്ധിക്കുന്ന ഒരു ബ്രൊഇലെര് സി. ബി, എസ്. ഈ . പതിവുപോലെ ഞാന്‍ വീട്ടിലെത്തും മുന്‍പേ ആള്‍ ഓടിയെത്തി കവറുകള്‍ കൈക്കലാകി.
ഒപ്പം കഴിഞ്ഞ തവണ അവള്‍ ഉറക്കം ഉണരും മുന്‍പേ തിരിച്ചു പോയതിന്റെ പരിഭവമെല്ലാം അടിയും ഇടിയുമായി തന്നു തീര്‍ത്തു. ഇതൊരു പതിവാണ്. അമ്മയെ പോലും അറിയിക്കാതെയുള്ള എന്റെ ഈ വരവുകള്‍ ഇവള്‍ എങ്ങനെ ഇത്ര കൃത്യമായി അറിയുന്നു എന്നു എത്ര ആലോചിച്ചാലും എനിക്കെ ഒരു എത്തും പിടിയും കിട്ടാറില്ല.

കവറുകള്‍ വലിച്ചുകീറി ഇതെനിക്കല്ലേ ഇതെനിക്കല്ലേ എന്നു ചോദിക്കുന്ന അവളുടെ തിളങ്ങുന്ന കണ്ണുകള്‍ അതെനിക്കൊരിക്കലും മുഷിവു തോന്നാത്ത ഒരു കാഴ്ചയാണ്. "ഹാ, ഏട്ടന്‍ എത്തിയോ ഇനി പെണ്ണിനെ ഭൂമിയിലും ആകാശത്തിലും ഒന്നും നോക്കിയാല്‍ കിട്ടില്ലല്ലോ." ചെറിയമ്മ പറഞ്ഞു. കഴിഞ്ഞ തവണ പോയതില്‍ പിന്നെയുള്ള വിശേഷങ്ങള്‍ എല്ലാം വിസ്തരിച്ചു തന്നെ ചെറിയമ്മ ചോദിച്ചറിഞ്ഞു. ഇതുമൊരു പതിവാണ്.

"പെണ്ണെ വാ ഒത്തിരി പടിക്കാനുള്ളതല്ലേ".എന്ത് പറ്റി ഈ ചെറിയമ്മയ്ക്ക് ഈ ഒരു വിളി പതിവില്ലാത്തതാണല്ലോ. അവള്‍ക്കു കൊടിയ പീഡനങ്ങളില്‍ നിന്നുള്ള ഒരു പരോള്‍ കാലമായി ആണ് എന്റെ വരവിനെ അവള്‍ വിശേഷിപ്പിക്കുന്നത്. എന്തായാലും ചെറിയമ്മ അവളെ വിളിച്ചുകൊണ്ടാണ്‌ തിരിച്ചു പോയത്.

പതിവിലാത്ത സംഗതി ആണെങ്കിലും ഞാന്‍ മടിച്ചു മടിച്ചു അമ്മയോട് ചോദിച്ചു

"അമ്മെ എന്താ ചെറിയമ്മയ്ക്ക് ഒരു മൂശാട്ട, എന്താ ചേട്ടത്തിയും അനിയത്തിയും തമ്മില്‍ വഴക്ക് കൂടിയോ......."

പിന്നെ അവന്റെ വല്യഒരു കണ്ടുപിടുത്തം. കൊച്ചിന് വല്ല പരീക്ഷയും കാണും." അമ്മ പറഞ്ഞു.

ഞാന്‍ എത്തിയാല്‍ രണ്ടു ദിവസം വീട്ടി നിന്നു പോവാത്ത പെണ്ണാ, പിറ്റെന്നെപ്പോഴോ ആണ് അവള്‍ പിന്നിടെ തിരിച്ചു വന്നത്.

"ഇവിടെ ആയിരുന്നെടി ഇതുവരെ" ഞാന്‍ അല്പം ഗൌരവം ഭാവിച്ചു.

ഒന്നും പറയേണ്ട എന്റെ ചേട്ടായി രാവിലെ പിടിച്ചു ബുക്കും തന്നു ഇരുത്തിയതാ, ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയെന്നു ആരാ പറഞ്ഞത്. ഇവിടെ എങ്ങും ഇതുവരെ അതെത്തിയിട്ടില്ല.

പിന്നാലെ ചെറിയമ്മയും എത്തി "എന്താടി എനിക്കെതിരെ ഗൂഡാലോചന ആണോ രണ്ടു പേരും കൂടി".
സംഗതികള്‍ വീണ്ടും ആവര്‍ത്തിച്ചു ഇത്തവണയും ചെറിയമ്മ പോയപ്പോഴും അവളെയും കൂടെ കൂട്ടി.

കഴിഞ്ഞ തവണ വന്നപ്പോള്‍ ടെറസ്സില്‍ ഇരിന്നു റംപുതാന്‍ പഴങ്ങള്‍ പൊട്ടിച്ചു തന്നു കൊണ്ട് വിശേഷങ്ങള്‍ ചോദിക്കുന്ന ചെറിയമ്മയുടെ അരുകിലേക്ക്‌ എന്നെ കാണാതെ ഓടി എത്തിയ അനിയത്തി കുട്ടിയോടെ " നിന്റെ ഏട്ടനെ ഞാന്‍ പിടിച്ചു തിന്നില്ല പെണ്ണെ, ലോകത്തെങ്ങും വേറെ ഏട്ടനും അനിയത്തിയും ഇല്ലേ ദൈവമേ" എന്നു ചോദിച്ച ചെറിയമ്മ.

ഈ ചെറിയമ്മയ്ക് ഇതെന്തു പറ്റി. വീട്ടില്‍ അമ്മയും ചെറിയമ്മയും നല്ല സ്നേഹത്തിലും, പിന്നെന്താ, നെഞ്ചില്‍ ഒരു കാരമുള്ള് കൊള്ളുന്ന വേദന. വയ്യാ ഇത് സഹിക്കുവാന്‍ വയ്യ. തിരിച്ചു പോരുവാന്‍ തയ്യാറായി.

"എന്താ ഇപ്പോള്‍ പോകുന്നത്, തിങ്കളാഴ്ച പോയാല്‍ പോരെ" അമ്മ ചോദിച്ചു.

മറുപടി ഒരു മൂളലില്‍ ഒതുക്കി പയ്യെ ഇറങ്ങി.


എന്റെ എല്ലാ യാത്രകളിലും ഞാന്‍ കൊതിക്കുന്നതാണ് കണ്ണു നീര്‍ തുള്ളികള്‍ പോലെ മഴതുള്ളികള്‍ ഇറ്റിറ്റു വീഴുമ്പോള്‍ കാടിന്റെ നടുവിലൂടെ ഒരു യാത്ര. ഇത്തവണയും മഴയെത്തി പക്ഷെ എന്റെ മനസ്സിനെ കുളിര്‍പ്പിക്കുവാന്‍ മാത്രം ശക്തിയില്ലാത്ത ഒരു വൃത്തികെട്ട മഴ. ആദ്യമായി ഞാന്‍ മഴയെ പഴിക്കുകയാണ്.

വെറും മാംസ പിണ്ടമായി സ്വന്തം മകളെ വില്‍ക്കുന്ന അച്ഛനും ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലുന്ന പത്തു വയസ്സുകാരനുമുള്ള ഈ സമൂഹത്തില്‍ മകളെ സ്വന്തം കണ്മുന്‍പില്‍ എപ്പോഴും സുരക്ഷിതയാക്കുവാന്‍ വെന്പുന്ന ആ അമ്മയുടെ കണ്ണില്‍ നിഴലിക്കുന്ന ഭീതിയെക്കാള്‍ കൂടുതല്‍ അര്‍ഥങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്റെ നിഞ്ചിലെ ഈ വേദനയ്ക്ക്.

വയ്യ, ഇനിയും അങ്ങോട്ട്‌ തന്നെ തിരിച്ചു പോകണമെല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടി ആവുന്നു.